National
ലക്നോ: മന്ത്രവാദിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഒളിപ്പിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ വാരണാസിയിൽ മന്ത്രവാദി അനിഷ് ഉപാധ്യായ കൊല്ലപ്പെട്ട കേസിൽ സോനു, വിശാൽ, വികാസ് കുമാർ ഗോണ്ട്, സാഹിൽ ഗോണ്ട്, രോഹിത് കശ്യപ്, മോഹിത് കശ്യപ് എന്നിവരാണ് അറസ്റ്റിലായത്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും മാറ്റാൻ പൂജകൾക്കായി അനിഷിനെ പ്രതികൾ വിളിച്ചു വരുത്തുകയായിരുന്നു. അഞ്ച് ദിവസത്തോളം പൂജകൾ നടത്തിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനാൽ ഇവർ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അനിഷിനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ ഒമ്പതിനാണ് അനിഷിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 13ന് ഭർത്താവ് കൊല്ലപ്പെട്ടതായും മൃതദേഹം കാട്ടിൽ ഒളിപ്പിച്ചെന്നും കാണിച്ച് അവർ വീണ്ടും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
District News
കൊല്ലം: ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വര്‍ക്കലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ രണ്ട് സ്ത്രീകളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ ലക്ഷ്മി (31), മധുരൈ സ്വദേശിയായ വല്ലി(34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പാരിപ്പള്ളി ജംഗ്ഷനില്‍നിന്നു വര്‍ക്കലയിലേക്ക് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന് തൂക്കമുള്ള സ്വര്‍ണമാല പ്രതികള്‍ ചേര്‍ന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട സഹയാത്രക്കാര്‍ പ്രതികളെ തടഞ്ഞുവെച്ച് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പാരിപ്പള്ളി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിന് അകത്തും പുറത്തുമായി സമാന രീതിയിലുള്ള നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായ ലക്ഷ്മിയും വല്ലിയും.
District News
കോഴിക്കോട്: കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പെരുവയല്‍ സ്വദേശി മയങ്ങോട്ട്ചാലില് വീട്ടില്‍ നിയാസി (30)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. ഈ മാസം ഏഴിനാണ് സംഭവം. മേരിക്കുന്ന് സ്വദേശിനിയായ അസ്മ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പണം ചോദിച്ചത് നല്‍കാത്തതിലുള്ള വിരോധംവച്ച് യുവതിയെ ആക്രമിക്കുകയും കഴുത്തില്‍ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ ജനൽവാതിലും വീട്ടിലുള്ള സാധനങ്ങളും പ്രതി അടിച്ചുനശിപ്പിച്ചു. നിയാസിന്റെ പേരില്‍ ചങ്ങനാശേരി, കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Kerala
കൊച്ചി: വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു. പിറവം നഗരസഭ 14-ാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനും ഭർതൃമാതാവ് ലിസിക്കുമാണ് പരിക്കേറ്റത്. സംഭവത്തിൽ ക്രിസ്റ്റിയുടെ ഭർതൃപിതാവ് ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റിയുടെ വയറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തി വീട്ടിൽ തർക്കമുണ്ടാക്കുന്നത് ജോയിയുടെ പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസവും മദ്യപിച്ചെത്തിയ ജോയി ലിസിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ക്രിസ്റ്റി ശ്രമിച്ചതോടെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.
ക്രിസ്റ്റിയെ കോട്ടയം മെഡിക്കൽ കോളോജ് ആശുപത്രിയിലേക്ക് മാറ്റി. ലിസി പിറവത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നാലെ വീട്ടിൽനിന്ന് കടന്നുകളഞ്ഞ ജോയിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ന്യൂഡൽഹി: കുടുംബവഴക്കിനിടെ ഭാര്യയെയും 15 വയസുകാരിയായ മകളെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിപിടിയിൽ. ഡൽഹി മാൻസരോവർ പാർക്ക് മേഖലയിൽ നടന്ന സംഭവത്തിൽ സത്യപ്രകാശ് (38) ആണ് പിടിയിലായത്.
കുടുംബവഴക്കിനിടെ ഭര്യ പൂനം (38), മകൾ എന്നിവരെ ഇയാൾ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിനുപിന്നാലെ സത്യപ്രകാശ് ഭാര്യയ്ക്കും മകൾക്കും നേരെ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പോലീസ് കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
അൽ-റത്ഖ മേഖലയിൽ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെതുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി.
ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരെ തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തുമ്പ, തമ്പാനൂർ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തുമ്പ സ്വദേശികളായ ഷൈജു, ഷാ, തമ്പാനൂർ സ്വദേശികളായ വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. തുമ്പ പോലീസും തമ്പാനൂർ പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്. അർജുൻ ആയങ്കി തിരുവനന്തപുരത്തെത്തുമ്പോൾ സ്ഥിരമായി ഇവരോടൊപ്പം താമസിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ ആയങ്കിയുമായുള്ള അടുത്ത ബന്ധം സംബന്ധിച്ച വിവരങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു. ഷൈജുവിനും ഷായ്ക്കുമെതിരെ തുമ്പ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
തലസ്ഥാന നഗരം കേന്ദ്രീകരിച്ച് അർജുൻ ആയങ്കി ഗുണ്ടാസംഘം രൂപീകരിച്ച് പ്രവർത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ഗുണ്ടാസംഘാംഗങ്ങളെയും അർജുൻ ആയങ്കിയെയും പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
National
ഭോപ്പാൽ: 21.06 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ബിജെപി നേതാവും മധ്യപ്രദേശിലെ ശാജാപൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാർ മാൽവിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോർ സ്വദേശിയായ അശോക് വിജയവർഗിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അശോകിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ മാൽവിയയുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 2025 ഡിസംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് ആരംഭിച്ചതെന്നാണ് പോലീസ് പറഞ്ഞു. ദിവ്യ എന്ന പേരിൽ പരിചയപ്പെടുത്തിയ യുവതിയാണ് അശോക് വിജയവർഗിയയെ വാട്സ്ആപ്പിലൂടെ സമീപിച്ചത്.
ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിച്ചാൽ വൻതുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടക്കത്തിൽ ചെറിയൊരു തുക പിൻവലിക്കാൻ അനുവദിച്ചതോടെ നിക്ഷേപ പദ്ധതി യഥാർഥമാണെന്ന് ഇയാൾ കരുതി. പിന്നീട് വ്യാജ യുഎസ്ഡിടി ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം 33 കോടി രൂപയിലധികമായി ഉയർന്നതായി കാണിച്ചു.
എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ്, റിസ്ക് മാർജിൻ തുടങ്ങിയ പേരുകളിൽ പുതിയ തുകകൾ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും 76 ബാങ്ക് അക്കൗണ്ടുകളിലേക്കായി 21.06 കോടി രൂപ കൈമാറിയിരുന്നു. തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാൽവിയയിലേക്ക് അന്വേഷണം എത്തിയത്.
ഇയാളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ആദ്യഘട്ടത്തിൽ ഏകദേശം 77 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. ഇതിൽ 50 ലക്ഷം രൂപ കേസിലെ തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. തട്ടിപ്പിന്റെ പണം ഈ അക്കൗണ്ടിലൂടെ കൈമാറാൻ അനുവദിച്ചതിന് രണ്ട് ശതമാനം കമ്മീഷൻ വാങ്ങിയതായി ചോദ്യം ചെയ്യലിൽ മാൽവിയ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ഇയാളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ 2.5 കോടി രൂപയിലധികം സംശയാസ്പദ ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 20,000ലേറെ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ ഇടപാടുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജ ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമിന് പിന്നിൽ പ്രവർത്തിച്ച യഥാർഥ സൂത്രധാരന്മാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഐപി വിലാസങ്ങൾ, വാട്സ്ആപ്പ് ആശയവിനിമയങ്ങൾ, യുഎസ് കൺട്രി കോഡുള്ള ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Movies
മുഖ്യമന്ത്രി വിജയ്യുമായി ചേർത്ത് നടി തൃഷയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിലായ സംഭവത്തിന് പിന്നാലെ, നടൻ ധ്യാൻ ശ്രീനിവാസന് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ സജീവമാകുന്നു.
വിസിറ്റർ എന്ന ചിത്രത്തിന്റെ പൂജ വേളയിൽ വിജയ്യെയും തൃഷയെയും പരോക്ഷമായി ധ്യാൻ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
തമിഴ്നാട്ടിൽ ഉദയനിധി അറസ്റ്റിലായെന്ന വാർത്ത പരന്നതോടെ, "അടുത്തത് നമ്മുടെ ധ്യാൻ അണ്ണനാണോ?", "ധ്യാനും ഒരു കുപ്പായം തയ്പ്പിച്ചു വച്ചോ" തുടങ്ങിയ കമന്റുകളുമായി ട്രോളന്മാർ രംഗത്തിറങ്ങി.
മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ 'അണ്ണൻ തമ്പി' സിനിമയിലെ മാപ്പ് ചോദിക്കുന്ന കോമഡി രംഗം എഡിറ്റ് ചെയ്ത് ചേർത്താണ് പ്രധാനമായും ട്രോളുകൾ പ്രചരിക്കുന്നത്. ഉദയനിധിയുടെ അറസ്റ്റ് വാർത്ത കണ്ട് ഭയന്ന് ധ്യാൻ കൈകൂപ്പി വിജയ്യോട് മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള മീമുകളും നവമാധ്യമങ്ങളിൽ വൈറലായി.
ഇതിനിടെ, തനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി നടൻ ധ്യാൻ ശ്രീനിവാസൻ തന്നെ നേരിട്ടെത്തിയത് ആരാധകർക്കിടയിൽ കൗതുകമുണർത്തി.
"ഹ ഹ ഹ, അണ്ണനും അണ്ണിയും യെൻ ഉയിർ ഡാ" എന്നായിരുന്നു ധ്യാനിന്റെ രസകരമായ കമന്റ്. ധ്യാനിന്റെ ഈ തമാശരൂപത്തിലുള്ള മറുപടി ഇതിനോടകം തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി പേർ പിന്തുണയുമായി എത്തുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുനിർകയിലുണ്ടായ സംഭവത്തിൽ കനിക (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് അനുരാഗിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിനുശേഷം സുഹൃത്തിനെ വിളിച്ച് മൃതദേഹം മറയ്ക്കാൻ സഹായിക്കണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നിന് രാത്രി അനുരാഗ് തന്നെ വിളിച്ച് ഉടൻ വീട്ടിലെത്താൻ ആവശ്യപ്പെട്ടതായി സുഹൃത്ത് പോലീസിനോട് പറഞ്ഞു.
അവിടെയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കനികയുടെ മൃതദേഹമാണ് കണ്ടതെന്നും ഇയാൾ മൊഴി നൽകി. കനികയും അനുരാഗും തമ്മിലുള്ള വിവാഹം 2023 ലാണ് നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Kerala
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ. നേമം വെള്ളായണി ശാന്തിവിള വാറുവിളാകത്ത് വീട്ടിൽ അഫ്സർ ( 30 ), നേമം ഇടയ്ക്കോട് ചാനൽക്കര ഷമീർ മൻസിലിൽ ഷമീർ ( 33 ) , വെങ്ങാനൂർ കട്ടച്ചൽക്കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് (35 ) , കട്ടച്ചൽക്കുഴി മേലെ ചരുവിള പുത്തൻവീട്ടിൽ അനന്തു (27 ), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് ( 36 )എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 29ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പാപ്പനംകോട് തുലവിളയിലാണ് സംഭവം. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് കയറി നിരീക്ഷിച്ച ശേഷം പുറത്തുനിന്ന മറ്റുള്ളവരെ വിളിച്ചു വരുത്തിയാണ് പണം മോഷ്ടിച്ചതും മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോയതും. 4000 രൂപയും മാലയും ലോക്കറ്റും പിടിച്ചു പറിച്ചെന്നായിരുന്നു പരാതി.
പ്രതികൾ പിടിച്ചു പറിച്ച ആഭരണങ്ങൾ ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ അഫ്സറും രാകേഷും സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
കോൽക്കത്ത: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് ബംഗാളിൽ അറസ്റ്റിലായ ഹമീം മൊണ്ടലിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള ഹമീം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നു.
ഡൽഹി ജന്തർമന്തറിൽ പോലീസ് യൂണിഫോമിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നതായി സ്പെഷൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. അതേസമയം പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
കേസിൽ നിർണായക വഴിത്തിരിവായത് ഹമീമിന്റെ കാമുകി അർപിത സർക്കാരാണ്. വെള്ളിയാഴ്ച ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഹമീമും അർപിതയും ചേർന്ന് മന്ത്രി ഉമേഷ് റായിയുടെ മകനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
രാഷ്ട്രീയക്കാരടക്കമുള്ള പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി നിർണായക വിവരങ്ങൾ ചോർത്തി അർപിത ഹമീമിന് കൈമാറിയിരുന്നു. ഇവർക്ക് പാക്കിസ്ഥാൻ ബന്ധം സ്ഥിരീകരിക്കുന്ന വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുരുക്ക് മുറുകുന്നു. പ്രതികളുടെ ജാമ്യഹർജിയെ എതിർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്.
ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചു. പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 24 സിപിഎം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ തുടരുകയാണ്.
സെഷൻസ് കോടതി ജാമ്യ ഹർജികൾ രണ്ടുതവണ തള്ളിയതിനെത്തുടർന്നാണ് പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനായി ഭാഗിക കുറ്റപത്രം സമർപ്പിക്കാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. കേസിൽ കക്ഷി ചേരാൻ ഇഡി അപേക്ഷയും നൽകിയിട്ടുണ്ട്.
പ്രതികളായ ശ്രീജിത്ത്, അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള ഏഴുപേരാണ് ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. കഴിഞ്ഞ മേയ് 27നാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ വാഹനങ്ങൾ വളഞ്ഞ സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പ്രകോപനമില്ലാതെ സമയമെടുത്ത് ആലോചിച്ചു നടപ്പാക്കിയ ആസൂത്രിത ആക്രമണമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ജാമ്യത്തെ ശക്തമായി എതിർക്കുന്നത്.
Kerala
കോട്ടയം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. സംഘത്തിൽ നിന്ന് രക്ഷപെട്ട ആസാം സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കുടുങ്ങിയത്.
ആസാം സ്വദേശിനിയായ യുവതിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും ഇതിനായി മൂന്നു ലക്ഷം രൂപ നൽകാമെന്നും സംഘം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്ന് യുവതിയെ പ്രതികൾ മർദിച്ചു.
തുടർന്ന് ഇവിടെ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ വീട്ടിൽ ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളെയും ഇവർ താമസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
പാരിസ്: ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിയാക്രമണം. പാരീസിലെ പോർട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. കശാപ്പിന് ഉപയോഗിക്കുന്ന വലിയ കത്തിയുമായെത്തിയ യുവാവ് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
19, 24, 36 വയസ് പ്രായമുള്ള മൂന്ന് സ്ത്രീകളാണ് ആക്രമണത്തിനിരയായത്. ഇതിൽ ഒരാൾ ഗർഭിണിയാണെന്നാണ് വിവരം. നീണ്ട മുടിയും ക്രീം കളർ ട്രാക്ക് സ്യൂട്ടും ധരിച്ച പ്രതിയാണ് ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഒരു സ്ത്രീയുടെ മുതുകിൽ പ്രതി കുത്തുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് പ്രതിയെ കൈമാറി. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.
District News
മാന്നാർ: ദോഷ പരിഹാരത്തിനായി പ്രാർഥന നടത്താമെന്ന പേരിൽ വീട്ടമ്മയുടെ പക്കൽനിന്ന് പണവും സ്വർണവും തട്ടിയെടുത്തയാളെ മാന്നാർ പോലീസ് അഗസ്റ്റ് ചെയ്തു. കണ്ണൂർ, മാവിലായി, പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയിൽ അഷ്റഫി(52)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുലക്ഷത്തോളം രൂപയും അഞ്ചു പവനോളം സ്വർണവുമാണ് ഇയാൾ മാന്നാർ സ്വദേശിയായ വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത്.
കുടുംബ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയുടെ താലിമാല ഉൾപ്പെടെ അഞ്ചു പവൻ സ്വർണവും പ്രാർഥനയുടെ ചെലവ് എന്ന് പറഞ്ഞ് പല തവണയായി രണ്ടു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തത്.
വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയുള്ള പരിചയത്തിൽ കുടുംബ വഴക്കിനെപ്പറ്റി അഷ്റഫിനോട് സംസാരിച്ചതിനെതുടർന്നാണ് പ്രാർഥനയിലൂടെ പ്രശ്നങ്ങൾ മാറ്റിത്തരാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതെന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ സജിത് മോൻ എഎസ്ഐ റിയാസ്, സിപിഒമാരായ അരുൺ ഭാസ്കർ, സുമേഷ് എന്നിവരടങ്ങുന്ന സംഘം കണ്ണൂരിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കൊച്ചി: തൃക്കാക്കരയില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതികളെ പിടികൂടി. കളമശേരി സ്വദേശി ഷെഫിന്, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് കോഴിക്കോട് നിന്നും പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില് എത്തിച്ചു.
കാറിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ചാണ് യുവാക്കളെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമായിരുന്നു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു.
അക്രമികളിലൊരാള്‍ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു. ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു.
നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി നടത്താനായി നിസാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
National
ചെന്നൈ: ബസിൽ യാത്രക്കാരിയുടെ യാത്രക്കാരിയുടെ എടിഎം കാർഡ് മോഷ്ടിച്ച് അക്കൗണ്ടിൽ നിന്ന് 13,800 രൂപ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ. കരംഭാക്കം സ്വദേശിനി രാധികയുടെ എടിഎം കാർഡാണ് കുണ്ട്രത്തൂർ സ്വദേശിനി സത്യ (39) കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഏഴിനായിരുന്നു സംഭവം. വടപളനിയിൽ ബസിറങ്ങിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 13,800 രൂപ പിൻവലിച്ചതായി രാധികയ്ക്ക് സന്ദേശം ലഭിച്ചു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് എടിഎം കാർഡും തിരിച്ചറിയൽ രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്. തിരക്കുള്ള സമയങ്ങളിൾ ബസുകളിൽ കയറി യാത്രക്കാരുടെ പോഴ്സ് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. എടിഎം കാർഡിന്റെ കവറിൽ എഴുതിവച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ പണം പിൻവലിച്ചത്. സത്യ മുപ്പതിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
District News
പാറശാല: പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന യുവാക്കളെ പാറശാല പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളറട കാക്കതൂക്കി സുരേഷ് ഭവനില്‍ സുരേഷ് (29), വെള്ളറട കാക്കതൂക്കി അര്‍ച്ചനയില്‍ വിഷ്ണു എന്ന അരുണ്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കു ലഹരി വസ്തുക്കളുടെ വന്‍ ശേഖരവുമായി എത്തിയ കാറില്‍നിന്ന് ഒരു ചാക്ക് കഞ്ചാവ് വലിച്ചെറിഞ്ഞശേഷം പോലീസിനെ വെട്ടിച്ച് കടക്കുകയായിരുന്നു.
പാറശാല പോലീസ് ഡന്‍സാഫ് സംഘവുമായി ചേര്‍ന്നു നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം രാത്രി 12നു നെടിയാംകോട്ടുവച്ചായിരുന്നു സംഭവം. കാരക്കോണം ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്കു പോകുകയായിരുന്ന വാഹനത്തില്‍നിന്നും വലിച്ചെറിഞ്ഞ ചാക്കില്‍നിന്നും പത്തര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുവെങ്കിലും ലഹരി വസ്തുക്കളുമായി എത്തിയ ഹോണ്ട സിറ്റി കാറിന്റെ നമ്പര്‍ ലഭിച്ചതിനാല്‍ പ്രതികള്‍ ഉടനെതന്നെ പിടിയിലാവുകയായിരുന്നു.
District News
ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി പെനിയേൽ വീട്ടിൽ വില്യം ജോർജി(53)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേട്ടുപ്പാളയത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് വിദേശ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചിങ്ങവനത്തെ ഒരു പാസ്റ്ററിൽനിന്ന് മാത്രം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതി മേട്ടുപ്പാളയത്തുള്ളതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ചിങ്ങവനം പോലീസ് സംഘം എത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം എസ്എച്ച്ഒ എസ്.പ്രദീപ്, എസ്ഐ എം. കൃഷ്ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് കെ.സുധാകരൻ, സാൽവിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവിധ ജില്ലകളിൽ സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസുകൾ വില്യം ജോർജിനെതിരേ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനായി പല പേരുകളിൽ 14ലധികം സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഇയാളുടെ ചതിയിൽപ്പെട്ട ചിലർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വിവരം പുറത്തുവരുമ്പോൾ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത് .
District News
ആലുവ: വ്യാജ ആപ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോൺപുരം കൊന്നംകുടി വീട്ടിൽ ആസിഫ് (28) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എടിഎം ക്യാബിനകത്ത് വച്ച് എടത്തല പെങ്ങാട്ടുശേരി സ്വദേശിയെ പേടിഎമ്മിന്റെ വ്യാജ ആപ് ഉപയോഗിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ആസിഫിന്റെ ഫോണിലെ പേടിഎമ്മിന്റെ വ്യാജ ആപ് ഉപയോഗിച്ച് പെങ്ങാട്ടുശേരി സ്വദേശിയുടെ ഗൂഗിൾ പേ ക്യൂആർ കോഡ് സ്കാൻ ചെയ്ത് 6,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വിശ്വസിപ്പിച്ച് പണം അയച്ചുനൽകാതെ 6,000 രൂപ കൈപ്പറ്റുകയായിരുന്നു. ആസിഫിനെതിരെ പെരുമ്പാവൂർ, കളമശേരി പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്.
District News
വാടാനപ്പിള്ളി: സമയക്രമത്തെചൊല്ലി സ്വകാര്യബസിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലോടുന്ന വഴിനടക്കൽ ബസിലെയും തൃശൂർ - തൃപ്രയാർ റൂട്ടിലോടുന്ന തേവർ കർണൻ ബസിലെയും ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്.
ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24), മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11.55ഓടെയാണ് സംഭവം. വാടാനപ്പിള്ളി സെന്ററിലെ തൃശൂർ റോഡിൽ തൃശൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഘർഷമുണ്ടായത്. പൊതുസ്ഥലത്ത് യാത്രാതടസം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ പട്രോളിഗ് ഡ്യൂട്ടിയിലായിരുന്ന വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സബ് ഇൻസ്പെക്ടർ യു.സി.ലാൽസൺ, ജിഎസ് സിപിഒ ലെനിൻ, സിപിഒ നൗഫൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ ഗ്രാമത്തിൽ പന്ത്രണ്ട് വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പെൺകുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ പറഞ്ഞു. മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകാൻ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ആദ്യം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പെൺകുട്ടിയുടെ വീടിനു തൊട്ടടുത്തുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുന്ന രാഹുൽ രാജു മഡാവി (30) എന്ന തൊഴിലാളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ വ്യക്തമാക്കി.
അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകിയപ്പോൾ ആശുപത്രിക്ക് മുന്നിൽ വൻ ജനരോഷം അരങ്ങേറി. പ്രതിക്ക് വധശിക്ഷ നൽകണമെന്നും കേസ് അതിവേഗ കോടതിയിൽ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും റോഡ് ഉപരോധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്.
National
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പപ്പട പായ്ക്കറ്റാണ് കേസിൽ നിർണായകമായതെന്ന് ആന്ധ്രാ പോലീസ് പറഞ്ഞു. കേസിൽ കർണാടകയിലെ ബല്ലാരി ജില്ലക്കാരായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ അനന്തപൂർ രായദുർഗം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 23നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഭാഗികമായി കത്തിയ ഒരു കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പാക്കറ്റ് എന്നിവ കണ്ടെടുത്തു.
ഈ പപ്പട പാക്കറ്റാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പപ്പടത്തിന്റെ നിർമാതാക്കൾ ചെന്നൈയിലാണെന്ന് കണ്ടെത്തിയ പോലീസ്, ഇതിന്റെ വിതരണക്കാർ ബെല്ലാരിയിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാനില്ലെന്ന വിവരം പോലീസ് അറിയുന്നത്.
ഇതേത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിൽ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്ന് ഭര്‍തൃമാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റിൽ. മാല്മലിയ ജഗ്ദീഷ്പൂര്‍ സ്വദേശിനി വന്ദന (25) യാണ് ഭര്‍തൃമാതാവ് ആശാ ദേവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവി ഗോരഖ്പൂര്‍ എയിംസില്‍ ചികിത്സയിലാണ്.
വന്ദനയുടെ ഭര്‍ത്താവ് ജയ്ഹിന്ദ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. വന്ദന ആശാ ദേവിയ്ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ദിവസം വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യം ചെയ്തു. ഇതേ തുടർന്ന് ഇരുവരും തമ്മില്‍ വലിയ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. വഴക്ക് രൂക്ഷമായതോടെ വന്ദന വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ആശാ ദേവിയെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ആശാ ദേവിയെ കുത്തിയ വന്ദന അവരുടെ കഴുത്ത് അറുക്കാനും ശ്രമിച്ചു.
ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
വീട് വിട്ടിറങ്ങിയ പെൺകുട്ടി ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിലാണ് വിവിധ ഹോട്ടലുകളിൽവച്ച് ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഒരു റിക്ഷാത്തൊഴിലാളിയാണ് അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പണം വാങ്ങി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. പിന്നീട് ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പലദിവസങ്ങളിലായി ബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. നിരന്തരം പീഡനത്തിനിരയായി ശാരീരികമായി അവശയായിട്ടും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ട് പേരെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ആറ്റുകാലില്‍ 27കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതുലാണ് പിടിയിലായത്. വര്‍ക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ആറ്റുകാലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ആരതിയും ഭര്‍ത്താവ് അതുലും. ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നാംമാസം മുതല്‍ തന്നെ ഭര്‍ത്താവിന്റെ പീഡനം ആരംഭിച്ചിരുന്നെന്നാണ് കുടുംബം പറയുന്നത്.
അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്സ്ആപ്പില്‍ അയച്ചുകൊടുത്തിരുന്നു. വെള്ളിയാഴ്ച വൈകുന്നേരവും ഇയാള്‍ ആരതിയെ ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹസമയത്ത് അന്‍പതോളം പവന് സ്വര്‍ണം ആരതിക്ക് നല്‍കിയിരുന്നുവെന്നും ഇതെല്ലാം അതുല്‍ വാഹനം വാങ്ങാനും മറ്റു പല ആവശ്യങ്ങള്‍ക്കായും പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതായും കുടുംബം ആരോപിക്കുന്നു.
എല്ലാം തീര്‍ന്ന ശേഷവും പണമാവശ്യപ്പെട്ട് ഇയാള്‍ ആരതിയെ ഉപദ്രവിച്ചിരുന്നു. വിവാഹത്തിനു മുന്‍പ് ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതായും വിവാഹനിശ്ചയം നടന്നിരുന്നതായും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് ആരതിയുടെ കുടുംബം പറയുന്നു. ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിനു പിന്നാലെ ജീവനൊടുക്കുകയായിരുന്നു. ഇതെല്ലാം ഈ അടുത്ത കാലത്താണ് തങ്ങള്‍ അറിഞ്ഞതെന്ന് ആരതിയുടെ കുടുംബം പറയുന്നു.
വിവാഹശേഷവും ഇയാള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരതി കണ്ടെത്തിയെന്നും സൂചനയുണ്ട്. ചില ചിത്രങ്ങളും തെളിവുകളും ലഭിച്ചതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ ആക്കം കൂട്ടാന്‍ കാരണമായെന്നാണ് വിവരം.
വെള്ളിയാഴ്ച അതുല്‍ വീട്ടിലുള്ള സമയത്തു തന്നെയാണ് ആരതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. വീടിനു പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍ സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചതെന്നും പറയപ്പെടുന്നു.
വെള്ളിയാഴ്ച മരിക്കുന്നതിനു മുന്‍പ് തന്നെ ആരതി അമ്മയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.
Kerala
പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.
പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.
Kerala
കൊച്ചി: ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അസം ചിരാങ്ങ് സ്വദേശി ബിജനി ബോക്ത്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗവാസ്കർ (32) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കളത്തെ ടെലിഫോൺ എക്സ്ചേഞ്ചിനകത്ത് എർത്തിംഗിനായി സൂക്ഷിച്ചിരുന്ന 164 കിലോ ഗ്രാം തൂക്കം വരുന്ന ചെമ്പ് പട്ടകളാണ് പ്രതികൾ മോഷ്ടിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 1,80,400 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതിയായ ബോക്ത്തോ റായും മറ്റ് രണ്ട് പേരും ചേർന്നാണ് എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി കോതമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീണ്ടും പരസ്യ ലഹരി ഉപയോഗം. ഹെറോയിന്‍ പോലുള്ള ലഹരി വസ്തുക്കള്‍ പരസ്യമായി ഉപയോഗിച്ച ഇതരസംസ്ഥാനക്കാരെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. അഞ്ചംഗ സംഘത്തില്‍ മൂന്നു പേരെയാണ് പിടികൂടിയത്.
അസം സ്വദേശികളായ സലാവുദീന്, റഫീഖുല്‍ ഇസ്ലാം, തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠന് എന്നിവരാണ് പിടിയിലായത്. ഹെറോയിനും ഇവര്‍ ഉപയോഗിച്ച സിറിഞ്ചും പോലീസ് പിടികൂടി. അഞ്ചംഗ സംഘം പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
District News
അടിമാലി: നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിൽനിന്നു ബുക്കുകൾ മോഷ്ടിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി. സ്ഥാപനത്തിലെ ജോലിക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈസൺവാലി സ്വദേശി മുത്തുവേലിൽ പ്രദീപ് (38), മച്ചിപ്ലാവ് സ്വദേശി മുട്ടുചിറയിൽ ജസ്റ്റിൻ (28) എന്നിവരാണ് പിടിയിലായത്.
ബുക്കുകൾ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 20,000 രൂപ വിലമതിക്കുന്ന നോട്ട്ബുക്കുകളാണ് കടത്താൻ ശ്രമിച്ചത്. വർഷങ്ങളായി അടിമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നളന്ദ ബുക്ക് സ്റ്റാൾ. ഒന്നര മാസം മുമ്പ് ഗോഡൗണിൽനിന്നു നാലര ലക്ഷം രൂപയുടെ ബുക്കുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അടിമാലി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ റെജികുമാർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അടിമാലി ജെന്ന റെസിഡൻസി റോഡിൽ പോലീസ് പരിശോധന നടത്തുന്പോൾ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിന്റെ ഷട്ടർ പെട്ടെന്ന് അടച്ചുപൂട്ടി പ്രദീപ് കാറിൽ കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് പ്രദീപിന്റെ കാർ പരിശോധിച്ചപ്പോൾ നാലുകെട്ട് നോട്ടുബുക്കുകൾ കണ്ടെത്തി. തുടർന്ന് പോലീസ് പ്രദീപിനെ ചോദ്യംചെയ്തപ്പോൾ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പ്രദീപ് പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ റെജികുമാറിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മോഷണം വ്യക്തമായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നിലവിൽ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിന്റെ താക്കോൽ നൽകിയതെന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളിൽ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോൽ നൽകിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രം ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി രാത്രി പോകുമ്പോഴായിരുന്നു യുവാക്കളുടെ സംഘം പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
രാത്രി 11.15 ഓടെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ യുവതിയെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചുപേരാണ് പിന്തുടര്ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
കേസില്‍ ഈസ്റ്റ് മാറാടി കരയില്‍ പള്ളിക്കവല സ്വദേശി അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടില്‍ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടില്‍ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്ജുന് സനില്‍ (20), മങ്ങമ്പ്ര തെങ്ങനാല്‍ വീട്ടില്‍ അശ്വിന് രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
പാലാ സ്വദേശിനിയായ യുവതി ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തുവരികയാണ്. നാട്ടിലേക്കുള്ള ബസ് പിടിക്കാന്‍ സ്റ്റാന്‍ഡിലേക്കു വേഗം നടക്കുന്നതിനിടെ യുക്കളുടെ സംഘം യുവതിയുടെ സമീപം ബൈക്കിലെത്തി, കടന്നുപിടിക്കാന്‍ ശ്രമിച്ചു.
ഭയന്ന് തിരിഞ്ഞോടിയ യുവതിയെ കണ്ട് അതുവഴി വന്ന ബൈക്കുകാരന് ബൈക്ക് നിര്‍ത്തി. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബൈക്ക് നിന്നുപോയി. ഈ സമയം ഒരു ട്രക്ക് അതുവഴി വന്നു.
റോഡിന് നടുവില്‍ കയറി യുവതി ട്രക്ക് നിര്‍ത്തിച്ചു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും അവസ്ഥ പറഞ്ഞു. ബൈക്കിലെ അക്രമികളെ കണ്ട ഡ്രൈവര്‍ ഇരുവരേയും വാഹനത്തില്‍ കയറ്റി കുതിച്ചു പാഞ്ഞു.
പിന്നാലെ സിനിമയെ വെല്ലുന്ന തരത്തില്‍ ആക്രോശവുമായി മാരകായുധങ്ങളുമായി യുവാക്കളുടെ സംഘം ട്രക്കിനെ പിന്തുടര്ന്നു. ട്രക്കില്‍ ആയുധങ്ങള്‍ കൊണ്ടടിച്ച് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 15 കിലോമീറ്ററോളമാണ് യുവാക്കള്‍ ട്രക്കിനെ പിന്തുടര്ന്നത്. ട്രക്കിന് പിന്നില്‍ കാറിലെത്തിയവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
വാഹനത്തില്‍ വച്ച് യുവതി പോലീസിന്റെ നമ്പര്‍ തപ്പിയെടുത്ത് വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്കി. ഇതിനിടെ രാമമംഗലം മേഖലയില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസിന് മുന്നിലേക്ക് ട്രക്ക് എത്തി.
ട്രക്ക് നിര്‍ത്തിയപ്പോള്‍, മുന്നില്‍ പോലീസിനെ കണ്ട് പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയില്‍നിന്ന് വിവരങ്ങള്‍ മനസിലാക്കിയ പിറവം പോലീസ് മൂവാറ്റുപുഴ പോലീസിന് വിവരം കൈമാറി.
പിന്നാലെ കാറില്‍ വന്നവരും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് ഒരു ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് വെളുപ്പിന് അക്രമിസംഘത്തിലുള്‍പ്പെട്ട അഞ്ചുയുവാക്കളെയും വീട്ടില്‍ നിന്നും പിടികൂടി. വധശ്രമം, ഭീഷണിപ്പെടുത്തല്‍ പിന്തുടര്ന്ന് ആക്രമിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തു.
National
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി സ്വദേശിയായ സന്ദീപ് മഞ്ജർഗ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുമ, ഇവരുടെ കാമുകൻ, കൃത്യത്തിന് ഒത്താശ ചെയ്ത ഒരു നഴ്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 13ന് ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ബൈക്ക് അപകടത്തിൽ ആശുപത്രിയിലെത്തിയ ആൾ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്ന സ്റ്റാറ്റസ് സുമയുടെ കാമുകൻ പുന്ദാലിക് രംഗത്തെത്തിയത്. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
മനപൂർവം ബൈക്ക് അപകടമുണ്ടാക്കി സന്ദീപിനെ ആശുപത്രിയിലാക്കിയെന്നും തുടർന്ന് ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. ആശുപത്രി അധികൃതരും കുറ്റകൃത്യത്തിൽ പങ്കാളികളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവർ കൃത്രിമം കാട്ടിയെന്നും പോലീസ് കണ്ടെത്തി.
National
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് പിടിയിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നടന്ന സംഭവത്തിൽ ഫുട്ബോൾ പരിശീലകൻ അഭിജിത് മെൻഡൽ (36) ആണ് പിടിയിലായത്. കായിക രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും പകർത്തി. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ഇയാളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
മണിക്പൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പീഡനം, ഭീഷണിപ്പെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
International
റിയാദ്: സൗദിയിലെ റിയാദ് നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പിടിയിലായവർ ഭിക്ഷാടനം പ്രധാന തൊഴിലായി സ്വീകരിച്ചവരാണെന്ന് പോലീസ് പറഞ്ഞു.
രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാചന പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ ക്യാമ്പയിനാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലും പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമാക്കും.
പൊതുജനങ്ങൾ തങ്ങളുടെ കാരുണ്യഹസ്തങ്ങളും സംഭാവനകളും യഥാർഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന കൗൺസിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു വിഭാഗം പോലീസിനെ വളഞ്ഞു.
സ്ഥിതിഗതികൾ കൈവിടുമെന്ന് മനസിലായതോടെ എസ്എച്ച്ഓ വിപിൻ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് കൗൺസിലറെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. നേരത്തെ തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതന്റെ സ്ഥാനാർത്ഥിത്വം വലിയ രീതിയിൽ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
വധശ്രമ കേസിലെ പ്രതിയായ സുഗതൻ ഏറെ നാളായി ഒളിവിലായിരുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കർശന നിർദേശം കോടതി നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെപ്പ് അടക്കമുള്ള നാടകീയ രംഗങ്ങളിലൂടെ പ്രതിയെ പിടികൂടിയത്.
Kerala
കാസർഗോഡ്: മതിയായ രേഖകളില്ലാതെ കാഞ്ഞങ്ങാട് താമസിച്ചിരുന്ന ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൽമ കാത്തുൽ (31) പിടിയിലായത്.
അറസ്റ്റിലായ സൽമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി താൻ കേരളത്തിലുണ്ടെന്നും മലപ്പുറത്താണ് താമസിച്ചിരുന്നതെന്നും സൽമ പോലീസിനോട് വെളിപ്പെടുത്തി.
മലപ്പുറത്തുവെച്ച് പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി ജോലി വാഗ്ദാനം ചെയ്തു. തുടർന്നാണ് കാഞ്ഞങ്ങാട്ടേക്ക് എത്തിയതെന്ന് യുവതി പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ദിസ്പൂർ: ആസാമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
ഓടുന്ന കാർ കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്.
National
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.
Kerala
കൊല്ലം: അഞ്ചലിൽ 14 വയസുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52കാരൻ പോലീസ് പിടിയിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പോലീസ് പിടികൂടിയത്.
പരിചയത്തിലുള്ള പെൺകുട്ടിയെയാണ് ഷാഹുൽ ഹമീദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 മുതലായിരുന്നു 14കാരിക്ക് നേരെയുള്ള അതിക്രമം തുടങ്ങിയത്. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും വച്ച് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഒടുവിൽ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുടുംബം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അഞ്ചലിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഷാഹുൽ ഹമീദിനെതിരെ ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഒമ്പതുപേർ അറസ്റ്റിലായി.
ശുഭം ഖൈർനർക്കാണ് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ലഭിച്ചത്. ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു.
ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ലഭിച്ചു. ഈ വിദ്യാർഥിനി ചോദ്യപേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിംഗ് സെന്ററിനും കൈമാറി.
ഈ കോച്ചിംഗ് സെന്ററിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന സൂചന എൻടിഎ അധികൃതർക്കും പോലീസിനും ലഭിച്ചത്. മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.
Kerala
കായംകുളം: അയൽവാസികളായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം കന്നത്തേരിൽ വീട്ടിൽ ഷാജി (52) ആണ് പിടിയിലായത്.
പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. രാജേന്ദ്രന്റെ പുരയിടത്തിൽ ഷാജി കരിയില വാരിയിട്ടത് ഷീജ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിനൊടുവിൽ ഷാജി ഷീജയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രന് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഷാജിയെ കോടതി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.
ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.
കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്ഐ വിനോദിന്റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.
National
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാൻ ശ്രമിച്ചത്. തക്കസമയത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സോണാലി രക്ഷപ്പെട്ടത്.
സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാൻ ശ്രമിച്ചു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.
ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സഞ്ജയുടെയും സോണാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.
സഞ്ജയ് വീട്ടിൽ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.
National
മുബൈ: മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
Kerala
കൊച്ചി: വന്‍ പലിശ വാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്ത് സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് കൊച്ചാറ പുളിക്കല്‍ വീട്ടില്‍ സോണിയമോള്‍ സെബാസ്റ്റിയനെ(38)ആണ് എറണാകുളം നോര്‍ത്ത് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാരത് ലജ്ന ഹൗസിംഗ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് കോതമംഗലം എന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ ജീവനക്കാരി എന്ന് സ്വയം പറഞ്ഞു പരിചയപ്പെടുത്തി എറണാകുളം നോര്‍ത്ത് സ്വദേശി യുടെ 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നിയമ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന് രാജീവ്(22)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചു. വിദ്യാർഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു.
സ്കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വച്ചാണ് വിദ്യാര്‍ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.
National
ദിസ്പൂർ: ആസാമിലെ കാർബി ആംഗ്ലോഗിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു.
പൂജയും അനുമൈയും തമ്മിൽ മുന്‍പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
National
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.
ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാ വിഹാർ നഗറിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 21 വയസുകാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ അയൽവാസിയായ 26 വയസുകാരി പിടിയിലായി. പ്രതിയായ യുവതിയും പ്രതിശ്രുത വരനും തമ്മിൽ വർഷങ്ങളായി പരിചയത്തിലാണെന്നും ഇയാളുടെ വിവാഹം നടക്കാൻ പോകുന്നതിനെത്തുടർന്നുണ്ടായ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
ഇന്ദിരാ വിഹാറിലെ യുവതിയുടെ വീട്ടിൽ മെഹന്തി ചടങ്ങ് നടക്കുകയായിരുന്നു സംഭവം. മെഹന്തി ഇടാൻ എന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിൽ എത്തുന്നത്. വീട്ടിലെത്തിയ പ്രതി കുറച്ചുനേരം അവിടെ ചിലവഴിക്കുകയും പിന്നീട് കൈയിൽ ഉണ്ടായിരുന്ന കുപ്പിയിലെ ആസിഡ് യുവതിയുടെ നേരെ ഒഴിക്കുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണ്, മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളിൽ ഗുരുതര പരിക്കേറ്റു. യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഏപ്രിൽ 19 ന് യുവതിയുടെയും സഹോദരിയുടെയും വിവാഹം നടക്കാനിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബന്ധുക്കൾ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. അയൽവാസികളായ മറ്റ് കുട്ടികളുമായി നേരത്തെ ഉണ്ടായ നിസാര തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ നടക്കുകയാണ്. സമീപവാസികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തി വരുന്നു.
NRI
കുവൈറ്റ് സിറ്റി: കോമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ പുരുഷന്മാരുടെ വിവിധ സലൂണുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉത്പന്നങ്ങളും പലയിടത്തും ഉപയോഗിച്ചതായി കണ്ടെത്തി.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിലെ ചണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച്പേർ അറസ്റ്റിൽ. ചണ്ഡീഗഡ് പോലീസും പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിംഗും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗ്രനേഡ് ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഷമി (ബൽവീന്ദർ ലാൽ), ജസി (ജസ്വിർ സിംഗ്), ചന്നി (ചരൺജിത് സിംഗ്), റൂബൽ ചൗഹാൻ, മൻദീപ് എന്ന അഭിജോത് ശർമ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രധാന കുറ്റവാളികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, സംഘത്തിന് പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും പോർച്ചുഗലിലും ജർമനിയിലുമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തി.
പ്രതികൾ ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിയുണ്ടകൾ എന്നിവയ രാജ്യത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പോർച്ചുഗല്ലിലുള്ള ബൽജോത് സിംഗ് എന്ന ജോട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികൾ ആക്രമണം ഏകോപിപ്പിച്ചത്.
National
ലക്നോ: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട യുവാക്കളെ യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്.
പിടിയിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലക്നോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്.
National
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഡൽഹി അതിർത്തിയിൽ പടിയിലായി. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോൺ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും നടത്തിയ അന്വേഷത്തിലാണ് ഇയാളെ പിടികൂടിയത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു പ്രവർത്തനം. പാകിസ്ഥാന്റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.
മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ. ലഷ്കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2007ൽ എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡൽഹിയിൽ നിന്നാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. 2018 വരെ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി ബംഗ്ലാദേശിൽ തിരിച്ചെത്തി. തുടർന്ന് ലഷ്കർ ശൃംഖലകൾ പുനർനിർമിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്കർ ബന്ധമുള്ള മോഡ്യുളുകളെ സുരക്ഷാ ഏജൻസികൾ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷബീർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് റിക്രൂട്ട്മെന്റെ ചാനലുകൾ, ഫണ്ടിംഗ് നടന്ന വഴികൾ, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാം പ്രതിയാണ് യാസര്‍ എടപ്പാള്‍. കേസില്‍ കെ.എം.ഷാജഹാന്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണന് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍ ഉൾപ്പടെ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ വീടിന് സമീപം പാർക്ക് ചെയ്ത കാർ രാജസ്ഥാനിൽ കണ്ടെത്തി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഹരിഭജൻ (24) പിടിയിലായി. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ബാർമറിൽ നിന്ന് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഹരിഭജന്റെ കുടുംബം മുന്‍പും നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.